വിദേശ പഠന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം*
*വിദേശ പഠന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം*
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2024-25 അദ്ധ്യയന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം/പിഎച്ച്ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു.
വിദേശ ഉപരി പഠനത്തിനായി വിദ്യാർത്ഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ(എല്ലാ മതവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർക്കും സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂർണ്ണമായ അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗം വഴിയോ ലഭ്യമാക്കണം. മെയിൽ മുഖേന ലഭ്യമാകുന്ന അപേക്ഷകൾ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതല്ല. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ആപ്ലിക്കേഷൻ ഫോം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർണമായി പൂരിപ്പിച്ച് (വ്യക്തമായി കാണത്തക്കവിധത്തിൽ) ലഭ്യമാക്കണം. വിദ്യാർഥി സ്ഥലത്തില്ലാത്തപക്ഷം അപേക്ഷ ഫോം വിദ്യാർഥിയ്ക്ക് ഇ-മെയിൽ മുഖേന അയച്ചു നൽകുകയും വിദ്യാർഥി ഒപ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ സ്‌കാൻ ചെയ്ത് രക്ഷകർത്താവിന് ലഭ്യമാക്കുകയും, പ്രസ്തുത അപേക്ഷയിൽ രക്ഷകർത്താവ് ഒപ്പിട്ട് ഹാജരാക്കേണ്ട രേഖകൾ സഹിതം വകുപ്പിലേയ്ക്ക് സമർപ്പിക്കേണ്ടതുമാണ്. പൂർണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ സ്‌കോളർഷിപ്പിന് പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, scholarship.dmw@gmail.com.
Comments
Post a Comment